മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം കടുപ്പിച്ച് സമസ്ത രംഗത്ത്. പാണക്കാട് നടന്ന എസ്വൈഎസ് പൈതൃക സമ്മേളനത്തിൽ മന്ത്രിക്കെതിരെ സമസ്ത പ്രമേയം പാസാക്കി.
ഇത്തരം പ്രസ്താവനകൾ നടത്തുന്ന സജി ചെറിയാന് മന്ത്രി സ്ഥാനത്തിരിക്കാൻ അർഹതയില്ലെന്നും പ്രമേയത്തിൽ വിമർശനം ഉയർന്നു. മന്ത്രിയുടെ പ്രസ്താവനകൾ വർഗീയത വളർത്താൻ ശ്രമിക്കുന്ന ദുശക്തികളുടെ ശബ്ദമാണെന്നും അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും സമ്മേളനത്തിൽ ആവശ്യമുയർന്നു.
ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനത്തിൽ മന്ത്രിക്കെതിരെയുള്ള പ്രമേയം അവതരിപ്പിച്ചത്. അതേസമയം പിഡിപിയും സജി ചെറിയാനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
സജി ചെറിയാന്റെ വർഗീയ പരാമർശത്തോടു യോജിപ്പില്ലെന്നും അദ്ദേഹം തിരുത്തണമെന്നും പിഡിപി വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ ആവശ്യപ്പെട്ടു.
മലപ്പുറത്തെയും കാസർഗോഡ് മുനിസിപ്പാലിറ്റിയിലെയും ജയിച്ചുവന്നവരെ നോക്കിയാൽ വർഗീയത തിരിച്ചറിയാമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന മതനിരപേക്ഷ കേരളത്തിൽ ഒരു ഇടതുപക്ഷ പ്രവർത്തകനിൽനിന്ന് ഉണ്ടായിക്കൂടാത്തതാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.